Thursday, July 15, 2010

In Emergency and Janata Formation

അടിയന്തരാവസ്ഥയില്‍,
ജനതാപാര്‍ട്ടി രൂപീകരണത്തില്‍


ദേശീയ രാഷ്‌ട്രീയം അഴിമതിയുടെയും അധികാരഗര്‍വ്വിന്റെയും ഡര്‍ബാറായി അധഃപതിച്ചപ്പോള്‍ അതുവരെ സജീവരാഷ്‌ട്രീയത്തില്‍ നിന്നുവിട്ട്‌ സര്‍വ്വോദയ പ്രസ്ഥാനവുമായി ഒതുങ്ങിക്കഴിഞ്ഞിരുന്ന ജയപ്രകാശ്‌ നാരായണന്‍ ജനകീയ മുന്നേറ്റങ്ങള്‍ക്കു നേതൃത്വംനല്‌കാന്‍ അണിയറ വിട്ടിറങ്ങി. ഈ സംഭവവികാസങ്ങളില്‍ സംഭീതയായ പ്രധാനമന്ത്രി സര്‍വ്വഭക്ഷകമായ ആ അവസാന ആയുധം പ്രയോഗിച്ചു; അടിയന്തരാവസ്ഥ. ഭരണഘടനാ ദത്തമായ മൗലികാവകാശങ്ങള്‍ എടുത്തുമാറ്റി. കോടതികളുടെ സ്വാതന്ത്ര്യത്തിനുമേല്‍ കൂച്ചുവിലങ്ങിട്ടു. മാധൃമങ്ങള്‍ക്ക്‌ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ആയിരക്കണക്കിന്‌ പ്രതിപക്ഷ നേതാക്കളും പ്രവര്‍ത്തകരും കല്‍ത്തുറുങ്കിലടയ്‌ക്കപ്പെട്ടു.ആകെക്കൂടി ഒരുജനാധിപത്യരാഷ്‌ട്രത്തില്‍സംഭവിച്ചുകൂടാത്തതെല്ലാംസംഭവിച്ചു.                                                                      അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാത്രിയില്‍ പി. വിശ്വംഭരന്‍ കയറിനു വിപണി കണ്ടു പിടിക്കുക എന്ന ദൗത്യവുമായി ദല്‍ഹിയില്‍ നിന്ന്‌ പാറ്റ്‌നയിലേക്കു യാത്രചെയ്യുകയായിരുന്നു. ജൂണ്‍ 26-ന്‌ രാവിലെ പാറ്റ്‌നയില്‍ ട്രെയിനിറങ്ങിയപ്പോഴും അദ്ദേഹത്തിന്‌ അടിയന്തിരാവസ്ഥയുടെ വിവരം അറിയാന്‍ കഴിഞ്ഞില്ല. വാര്‍ത്ത പ്രചരിച്ചു തുടങ്ങിയില്ലെന്നു സാരം. എന്നാല്‍ വൈകാതെ തന്നെ വാര്‍ത്ത പ്രചരിച്ചു. ഒപ്പം അറസ്റ്റുകളുടെ വാര്‍ത്തയും. പാറ്റ്‌നയില്‍ നിന്ന്‌ ഗോഹാട്ടിയിലേക്കും അവിടെ നിന്നും കല്‍ക്കട്ടയിലേക്കും യാത്ര ചെയ്‌ത വിശ്വംഭരന്‍ ഗവണ്‍മെന്റ്‌ മിഷ്യനറിയുടെ പ്രവര്‍ത്തനം വ്യക്തമായി നിരീക്ഷിച്ചറിഞ്ഞു. അതോടൊപ്പം തന്നെ ആ സംസ്ഥാനങ്ങളില്‍ അറസ്‌റ്റുചെയ്യപ്പെടാതെ പുറത്തുണ്ടായിരുന്ന പല പാര്‍ട്ടി നേതാക്കളെയും കാണുകയും ചെയ്‌തു. അനന്തരം കേരളത്തിലേക്ക്‌ മടങ്ങിയ അദ്ദേഹത്തിന്‌ അറിയാന്‍ കഴിഞ്ഞത്‌ സഹപ്രവര്‍ത്തകര്‍ ഒട്ടുമുക്കാലും ജയിലിലായ വാര്‍ത്തയാണ്‌. എന്തുകൊണ്ടോ വിശ്വംഭരനെത്തേടി അറസ്റ്റു വാറണ്ടൊന്നും വരികയുണ്ടായില്ല. അദ്ദേഹം സോഷ്യലിസ്റ്റു പാര്‍ട്ടിയുമായി തെറ്റിപ്പിരിഞ്ഞു എന്നൊരു കിംവദന്തി രാഷ്‌ട്രീയ മണ്‌ഡലത്തില്‍ പ്രചരിച്ചിരുന്നു. അതുകൊണ്ടായിരിക്കാം തനിക്കുനേരെ അറസ്റ്റു വാറണ്ട്‌ ഉണ്ടാകാത്തതെന്ന്‌ ശ്രീ. വിശ്വംഭരന്‍ അനുസ്‌മരിച്ചു.

ഒട്ടുമുക്കാലും നേതാക്കള്‍ ജയിലിലായിരുന്ന ആ സമയത്ത്‌ സ്വതന്ത്രനായിരുന്ന പി. വിശ്വംഭരന്‌ പിടിപ്പതു പണിയുണ്ടായിരുന്നു. ജയിലില്‍ കിടക്കുന്ന സഖാക്കളുടെ വീട്ടില്‍ ചെന്ന്‌ വിവരങ്ങളന്വേഷിക്കുക, ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കുക, ദല്‍ഹി യാത്രകള്‍ക്കിടയ്‌ക്കു ലഭിക്കുന്ന ലഘുലേഖകള്‍ക്ക്‌ ആവുംമട്ടില്‍ പ്രചാരം നല്‌കുക എന്നിങ്ങനെ വിശ്രമമില്ലാത്ത യാത്രയുടെ കാലമായിരുന്നു വിശ്വംഭരന്‌ അടിയന്തിരാവസ്ഥക്കാലം. എല്ലാവിധ പ്രകടനങ്ങള്‍ക്കും നിരോധനം ഉണ്ടായിരുന്ന ഇക്കാലത്ത്‌ തിരുവനന്തപുരത്ത്‌ എം.എല്‍.എ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന്‌ സേവേൃഴ്‌സ്‌ അനക്‌സിലേക്കുള്ള ഒരു പ്രകടത്തില്‍ അദ്ദേഹം പങ്കെടുത്തു. ഏറെക്കുറെ എല്ലാ പ്രതിപക്ഷ കക്ഷികളുടെയും പ്രതിനിധികള്‍ പങ്കെടുത്ത പ്രസ്‌തുത പ്രകടനത്തില്‍ സോഷ്യലിസ്റ്റു പാര്‍ട്ടിയെ പ്രതിനിധീകരിച്ചത്‌ പി. വിശ്വംഭരനായിരുന്നു.ഏ.കെ.ജി, ഇ.എം.എസ്‌, ടി.ഒ. ബാവ തുടങ്ങിയവര്‍ ഈ പ്രകടനത്തില്‍ പങ്കെടുത്തു. വഴിക്കുവച്ച്‌ ഇവരെ അറസ്റ്റു ചെയ്‌തെങ്കിലും ചാര്‍ജ്‌ഷീറ്റിലെ തെററ്‌ ചൂണ്ടിക്കാട്ടി മജിസ്‌ട്രേട്ട്‌ എല്ലാരെയും വെറുതെ വിടുകയാണുണ്ടായത്‌.

ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികള്‍ക്ക്‌ ഒരിക്കലുമുണ്ടാകാത്ത ഐക്യബോധമുണ്ടാകുന്നത്‌ ഈ അടിയന്തരാവസ്ഥക്കാലത്താണ്‌. അതിനു മുഖ്യകാരണം നിലനില്‍പ്പിനെക്കുറിച്ചുള്ള ഭയം തന്നെയായിരുന്നു. അന്ന്‌ ദേശീയ തലത്തില്‍ കോണ്‍ഗ്രസ്‌ കഴിഞ്ഞാല്‍ പ്രാമുഖ്യം നേടിയിരുന്നത്‌ നാലു കക്ഷികളായിരുന്നു. അവ സോഷ്യലിസ്റ്റുപാര്‍ട്ടി, ജനസംഘം, സംഘടനാ കോണ്‍ഗ്രസ്‌, ഭാരതീയ ക്രാന്തിദള്‍ എന്നിവയാണ്‌. ഈ കക്ഷികള്‍ ലയിച്ച്‌ ഒന്നായി കോണ്‍ഗ്രസ്സിനെ എതിരിടുക എന്ന ആലോചനകള്‍ ഉപശാലകളില്‍ കേട്ടു തുടങ്ങിയിരുന്നു. രാഷ്‌ട്രീയ കക്ഷികള്‍ എന്ന സമാനതയൊഴികെ ആശയസംഹിതകളില്‍ അങ്ങേയറ്റത്തെ വൈജാത്യം പുലര്‍ത്തുന്ന ഈ കക്ഷികള്‍ക്ക്‌ എങ്ങനെ ഒരൈക്യം കാത്തുസൂക്ഷിക്കാനാവും എന്നത്‌ അന്നേതന്നെ ചോദ്യവിഷയമായിരുന്നു. നിലനില്‌പ്പിനെക്കുറിച്ചുള്ള ആശങ്കകള്‍ ഈ ചിന്തകളെ അകറ്റിനിറുത്തി. അങ്ങനെ ദേശീയ തലത്തില്‍ അവര്‍ ലയിക്കാന്‍ തീരുമാനിക്കുന്നു. എന്നാല്‍ ഈ തീരുമാനത്തോട്‌ കേരളത്തിലെ സോഷ്യലിസ്റ്റ്‌ നേതാക്കളില്‍ ഭൂരിഭാഗവും എതിര്‍പ്പു പ്രകടിപ്പിച്ചു. ജയിലിലായിരുന്ന പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ്‌ അരങ്ങില്‍ ശ്രീധരനും ലയനത്തിനെതിരായ നിലപാടാണ്‌ സ്വീകരിച്ചത്‌. എന്നാല്‍ സ്വതന്ത്രനായി ദേശീയതലത്തിലെ സംഭവവികാസങ്ങള്‍ നോക്കിക്കണ്ടിരുന്ന വിശ്വംഭരന്‌ ലയനത്തിനനുകൂലമായ നിലപാടാണ്‌ ഉണ്ടായിരുന്നത്‌. തന്റെ നിലപാടിലെ ശരികളെക്കുറിച്ച്‌ അനുയായികളെ ബോധ്യപ്പെടുത്താന്‍ വിശ്വംഭരന്‍ കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ചു. ആ പ്രവര്‍ത്തനത്തില്‍ അദ്ദേഹം വിജയിക്കുകയും ചെയ്‌തു. അങ്ങനെ ബഹുഭൂരിപക്ഷം അണികളും ലയനത്തിനനുകൂലികളായിത്തീര്‍ന്നു. ഇതിന്റെ ഫലമായി ബോംബെയില്‍ കൂടിയ സോഷ്യലിസ്റ്റു പാര്‍ട്ടിയുടെ രഹസ്യ ദേശീയ സമ്മേളനത്തില്‍ കേരളത്തില്‍ നിന്ന്‌ മുപ്പതോളം പ്രതിനിധികള്‍ സന്നിഹിതരാവുകയും ഒരാളൊഴിച്ച്‌ മറ്റെല്ലാവരും ലയനത്തിന്‌ അനുകൂലമായി വോട്ടുചെയ്യുകയും ചെയ്‌തു. 1977 ജനുവരിയില്‍ ദല്‍ഹിയില്‍ വച്ച്‌ ജെ.പി ജനതാപാര്‍ട്ടി രൂപീകരണം ഔപചാരികമായി പ്രഖ്യാപിച്ചപ്പോള്‍ ആ യോഗത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച്‌ പങ്കെടുത്തത്‌ പി. വിശ്വംഭരന്‍ മാത്രമായിരുന്നു.

No comments:

Post a Comment