Friday, July 16, 2010

P. Viswambharan as Journalist

പത്രപ്രവര്‍ത്തനം
 
സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ ഓഫീസ്‌ സെക്രട്ടറി എന്നനിലയില്‍(1945) അവിടെ താമസമാക്കിയ വിശ്വംഭരന്‌ മറ്റൊരു ചുമതല കൂടി ലഭിച്ചു. പട്ടം താണുപിള്ളയോടൊപ്പം യാത്ര ചെയ്യുക, അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ എഴുതിയെടുത്ത്‌ പത്രമാഫീസുകളില്‍ എത്തിക്കുക. പി. വിശ്വംഭരന്റെ പത്രപ്രവര്‍ത്തനത്തിന്റെ ആദ്യപടി ഇതായിരുന്നു. ഈ കാലയളവില്‍ത്തന്നെ മുതിര്‍ന്ന നേതാക്കളുടെ നിര്‍ദ്ദേശപ്രകാരം ഒളിവില്‍പ്പോയും ചില പ്രവര്‍ത്തനങ്ങള്‍ക്ക്‌ അദ്ദേഹം തയാറായി. ഈ നാളുകളില്‍ യാതൊരു വരുമാനവുമില്ലായിരുന്നുഎന്നുമാത്രമല്ല വരുമാന മാര്‍ഗ്ഗങ്ങളെക്കുറിച്ചുപോലും യാതൊരു ധാരണയുമുണ്ടായിരുന്നില്ല. അന്ന്‌ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറിയായിരുന്ന സി. നാരായണപിള്ള ഈ ബുദ്ധിമുട്ടിനൊരു പരിഹാരമുണ്ടാക്കി. മലയാളി ദിനപത്രത്തിന്റെ തിരുവനന്തപുരം ലേഖകനായി നിയമനം സംഘടിപ്പിച്ചുകൊടുത്തു. മാസശമ്പളം 50 രൂപ. അന്നത്തെ പ്രധാനവാര്‍ത്തകള്‍ ഉദ്യോഗസ്ഥന്മാരുടെ സ്ഥലംമാറ്റവും സഞ്ചാരപരിപാടികളുമായിരുന്നു. പ്രസ്‌ റൂമിലിരുന്ന്‌ ഇത്‌ പകര്‍ത്തി എഴുതുകയായിരുന്നു മുഖ്യജോലി. ദിവാന്റെ പ്രസംഗമായിരുന്നു ഏറ്റവും വലിയ രാഷ്‌ട്രീയറിപ്പോര്‍ട്ട്‌. പക്ഷെ ആറുമാസത്തിനകം തന്നെ മലയാളി വിടേണ്ടിവന്നു. അതിനിടയാക്കിയ സംഭവം വിശ്വംഭരന്‍ ഇങ്ങനെ വിവരിക്കുന്നു:
``മലയാളിയുടെ ലേഖകനായ ഞാന്‍ ഒരിക്കല്‍ ഒരു കടുംകൈചെയ്‌തു. സി.പി ക്കെതിരെ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ വര്‍ക്കിംഗ്‌ കമ്മിറ്റി പാസ്സാക്കിയ ഒരു പ്രമേയം അതേപടി പത്രത്തില്‍ കൊടുത്തു. ഫാക്‌ട്‌, ഫിറ്റ്‌ തുടങ്ങിയ സര്‍ക്കാര്‍ വ്യവസായ സ്ഥാപനങ്ങളുടെ മാനേജിംഗ്‌ ഏജന്‍സി, മദ്രാസിലെ ശേഷസായി ബ്രദേഴ്‌സിനു നല്‌കുന്നതില്‍ ഉത്‌കണ്‌ഠ രേഖപ്പെടുത്തുന്നതായിരുന്നു പ്രമേയം. തിരുവിതാംകൂറിന്റെ സമ്പത്തുമുഴുവന്‍ മൈലാപ്പൂര്‍ക്കാരനായ ദിവാന്‍ മദ്രാസിലേക്കു കടത്തുന്നു എന്ന്‌ ആ പ്രമേയത്തില്‍ ആരോപിച്ചിരുന്നു. വാര്‍ത്തവന്നതോടെ മലയാളിയുടെ ലൈസന്‍സ്‌ റദ്ദാക്കുമെന്ന്‌ ഭീഷണിയുണ്ടായി. ഒന്നുകില്‍ ലേഖകനായ വിശ്വംഭരനെ പിരിച്ചുവിടുക അല്ലെങ്കില്‍ പത്രം അടച്ചുപൂട്ടുക ഇതായിരുന്നു സര്‍ക്കാരില്‍ നിന്നുള്ള നിര്‍ദ്ദേശം. പത്രം ഉടമ എന്നെ വിളിച്ച്‌ അഭിപ്രായമാരാഞ്ഞു. പത്രം നിലനില്‍ക്കണം, അതിന്‌ ഞാന്‍ പിരിഞ്ഞു പൊയ്‌ക്കൊള്ളാമെന്ന്‌ സമ്മതിച്ചു.'' അങ്ങനെ മലയാളിയിലെ പത്രപ്രവര്‍ത്തനം അവസാനിച്ചു.
മലയാളിയില്‍ നിന്ന്‌പിരിഞ്ഞ്‌ അധികംവൈകാതെതന്നെ കോണ്‍ഗ്രസ്‌ നേതാക്കളുടെ സഹായത്തോടെ മാതൃഭൂമിയുടെ പാര്‍ട്ട്‌ടൈം ലേഖകനായി നിയമിക്കപ്പെട്ടു. അന്ന്‌ കോഴിക്കോട്ടുനിന്നുമാത്രം പ്രസിദ്ധീകരിച്ചിരുന്ന മാതൃഭൂമിക്ക്‌ വാര്‍ത്തകളയച്ചിരുന്നത്‌ പ്രധാനമായും തപാലിലൂടെയായിരുന്നു. എന്നാല്‍ വളരെ പ്രധാനപ്പെട്ട വാര്‍ത്തകള്‍ ടെലിഗ്രാം വഴി അയയ്‌ക്കുന്ന പതിവുമുണ്ടായിരുന്നു. നാല്‌ വര്‍ഷത്തോളം മാതൃഭൂമിക്കുവേണ്ടി പ്രവര്‍ത്തിച്ചു. ഈ കാലയളവില്‍ അയച്ച ഏറ്റവും പ്രധാന വാര്‍ത്ത സി.പി.യെ വെട്ടിയ സംഭവത്തിന്റെ റിപ്പോര്‍ട്ടായിരുന്നു. അവിശ്വസനീയമായ ആ വാര്‍ത്ത ആദ്യമായി റിപ്പോര്‍ട്ട്‌ ചെയ്യുന്ന പത്രപ്രതിനിധി വിശ്വംഭരനായിരുന്നു. യു.എന്‍.ഐ യുടെ മുന്‍ഗാമിയായ യു.പി.ഐ യുടെ ലേഖകനായും പ്രവര്‍ത്തിക്കുകയായിരുന്നു അന്ന്‌ വിശ്വംഭരന്‍. 1949-ല്‍ തിരു-കൊച്ചി ലയനത്തോടെ മാതൃഭൂമിക്ക്‌ തിരുവനന്തപുരത്ത്‌ ഒരു ബ്യൂറോ ഓഫീസ്‌ പ്രവര്‍ത്തനമാരംഭിച്ചു. അതിന്റെ ചുമതല ലഭിച്ചത്‌ ചൊവ്വര പരമേശ്വരനായിരുന്നു. ബ്യൂറോ ഓഫീസില്‍ ചൊവ്വരയുടെ സഹായിയായി പ്രവര്‍ത്തിക്കണമെന്നു നിര്‍ദ്ദേശം വന്നെങ്കിലും വിശ്വംഭരന്‍ അതുനിരസിച്ച്‌ മാതൃഭൂമി വിട്ടു.
സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ നടത്തിയിരുന്ന സ്വതന്ത്രകാഹളത്തിലും ഏ.പി. ഉദയഭാനു പ്രസിദ്ധീകരിച്ചിരുന്ന `പ്രബോധ'ത്തിലും അദ്ദേഹം പ്രവര്‍ത്തിച്ചു. എന്നാല്‍ ഈ പത്രങ്ങളെല്ലാം അല്‌പായുസ്സുകളായിരുന്നു. ഇവയില്‍നിന്നു പ്രതിഫലമൊന്നും ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ്‌ കോണ്‍ഗ്രസ്‌ എം.എല്‍.എ ആയിരുന്ന ശങ്കുണ്ണിപ്പിള്ള കോട്ടയത്തു നിന്നു പ്രസിദ്ധീകരിച്ചിരുന്ന ദേശബന്ധുവില്‍ പാര്‍ട്ട്‌ ടൈം ലേഖകനായി ചേര്‍ന്നത്‌. 1954വരെ ദേശബന്ധുവിന്റെ രാഷ്‌ട്രീയറിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചു. 1954-ലെ പട്ടം മന്ത്രിസഭ പി.എസ്‌.പി യുടെ ദേശസാല്‍ക്കരണ നയമനുസരിച്ച്‌ കോട്ടയത്തെ ചില സ്വകാര്യ ബസ്‌റൂട്ടുകള്‍ ദേശസാല്‍ക്കരിച്ചു. ഒരു സ്വകാര്യ ബസ്‌ കമ്പനി (സ്വരാജ്‌ കമ്പനി) ഉടമസ്ഥനും കൂടിയായ ശങ്കുണ്ണിപ്പിള്ള ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന്‌ മന്ത്രിസഭയോടും അതിനു വേണ്ട സമ്മര്‍ദ്ദം ചെലുത്തണമെന്ന്‌ അന്ന്‌ എം.എല്‍.ഏ ആയിരുന്ന പി. വിശ്വംഭരനോടും ആവശ്യപ്പെട്ടു. എന്നാല്‍ അത്‌ പാര്‍ട്ടിയുടെ ദേശീയനയത്തിന്റെ ഭാഗമാണെന്നുപറഞ്ഞ്‌ വിശ്വംഭരന്‍ അതിലിടപെടാതെ ഒഴിഞ്ഞുമാറി. അടുത്തമാസം ആദ്യം പ്രതിഫലത്തുകയോടൊപ്പം ഒരു കത്തും ലഭിച്ചു. അതില്‍ `താങ്കളുടെ സേവനം അവസാനിപ്പിക്കുന്നു' എന്ന്‌ രേഖപ്പെടുത്തിയിരുന്നു. അതോടെ, സജീവപത്രപ്രവര്‍ത്തനം അവസാനിച്ചു. എങ്കിലും യു.പി.ഐ യില്‍ 1958 വരെ തുടര്‍ന്നു. ഈ കാലയളവില്‍ പത്രപ്രവര്‍ത്തകര്‍ക്കുവേണ്ടി ഒരു ട്രേഡ്‌ യൂണിയന്‍ സംഘടിപ്പിക്കുന്നതിനുമുന്‍കൈയെടുത്തു. ഇന്ത്യയില്‍ത്തന്നെ ആദ്യത്തെ സംരംഭമായിരുന്നുഅത്‌. അങ്ങനെ സംഘടിപ്പിക്കപ്പെട്ട തിരു-കൊച്ചി വര്‍ക്കിംഗ്‌ ജേര്‍ണലിസ്റ്റ്‌സ്‌ യൂണിയന്റെ ആദ്യത്തെ സെക്രട്ടറി പി. വിശ്വംഭരനായിരുന്നു.

No comments:

Post a Comment