Wednesday, January 12, 2011

എം.എല്‍.എ p.viswambharan as MLA

എം.എല്‍.എ

1952-ലെ പൊതു തെരഞ്ഞെടുപ്പില്‍ നേമംമണ്‌ഡലത്തിലേക്കു നിര്‍ദ്ദേശിക്കപ്പെട്ടെങ്കിലും എം. ഗോപാലന്‍ നായര്‍ക്കു വേണ്ടി പി. വിശ്വംഭരന്‍ മത്സരത്തില്‍നിന്നു പിന്‍വാങ്ങി. ഈ നിയമസഭ അല്‍പ്പായുസ്സായിരുന്നല്ലോ. അനന്തരം 1954-ല്‍ ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ച പി. വിശ്വംഭരന്‌ നേരിടേണ്ടിവന്നത്‌ അതികായനായ ജി. ചന്ദ്രശേഖരപിള്ളയെയാണ്‌. ഒരു ഭീകരനെനേരിടാന്‍ ഈര്‍ക്കിലുപോലത്തെ പയ്യനാവുമോയെന്ന്‌ പി.എസ്‌.പി.യുടെ ഉപശാലകളില്‍ത്തന്നെ സംഭാഷണമുണ്ടായി. എങ്കിലും മത്സരം കഴിഞ്ഞപ്പോള്‍ അതികായനെപരാജയപ്പെടുത്തി പയ്യനായ വിശ്വംഭരന്‍ എം.എല്‍.എ ആയി. പട്ടവുമായി വളരെ അടുപ്പമുണ്ടായിരുന്ന വിശ്വംഭരന്‌ ഭരണത്തില്‍ പങ്കാളിത്തമുണ്ടാകുമെന്ന്‌ പലരും വിശ്വസിച്ചെങ്കിലും തന്റെ അഭിമാനമാണ്‌ ഏറ്റവുംവലിയ ശരിയെന്നു വിശ്വസിച്ച വിശ്വംഭരന്‍ പങ്കുവയ്‌പുകള്‍ പൂര്‍ത്തിയാകുംവരെ പട്ടത്തെ കാണാന്‍ പോയില്ല. പട്ടത്തിന്‌ വിശ്വംഭരനിലേക്ക്‌ കണ്ണ്‌ പാഞ്ഞതുമില്ല. അധികാരത്തിന്റെ അകത്തളങ്ങളിലേക്ക്‌ ഒളിഞ്ഞുനോക്കി നീരിറക്കാത്തസ്വഭാവം ആദ്യകാലംമുതല്‍ േതന്നെ വിശ്വംഭരനിലുണ്ടായിരുന്നു. ഈ എണ്‍പത്തഞ്ചാം ജന്മനക്ഷത്രത്തിലും അതിന്‌ ഒരുവിധ വ്യതിയാനവും വന്നിട്ടില്ല.
നിയമസഭയിലെ തന്റെ ആദ്യടേം മുതല്‍തന്നെ നടപടികളില്‍ കാര്യക്ഷമമായി പങ്കെടുക്കാനും കാര്യകാരണസഹിതം സംസാരിക്കാനും പി. വിശ്വംഭരന്‍ ശ്രമിച്ചിരുന്നു. പല അംഗങ്ങളും കാടുംപടലും പറിച്ചിട്ടുകൊണ്ട്‌ തങ്ങളുടെ പ്രസംഗം നീട്ടുമ്പോള്‍ വിശ്വംഭരന്‍ വളരെ വിശദമായിട്ടും ആഴത്തിലും കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്‌ രേഖകള്‍ വായിക്കുന്നവര്‍ക്കു മനസ്സിലാക്കാം. ധനകാര്യബില്ലുകളെക്കുറിച്ചുള്ള ചര്‍ച്ചയായാലും പ്രമേയാവതരണമായാലും പ്രതിപാദിക്കുന്നവിഷയങ്ങളുടെ അലകുംപിടിയും കണ്ടറിഞ്ഞു സംസാരിക്കാന്‍ അദ്ദേഹം ശ്രമിക്കാറുണ്ട്‌. മറ്റൊരു സവിശേഷത കയര്‍-കൈത്തറി മേഖലയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശമാണ്‌. ഈ മേഖലകളില്‍ എന്തു വികാസമുണ്ടായാലും പോരാ പോരാ എന്നൊരു വികാരം അദ്ദേഹത്തിനെ ഭരിച്ചിരുന്നു. നിയമസഭയ്‌ക്കകത്തും പുറത്തുമുള്ള പ്രസംഗങ്ങളിലും മറ്റു ലേഖനങ്ങളിലും ഇതുകാണാം.
1954-ലെ പട്ടം മന്ത്രിസഭ കുഴിത്തുറവെടിവയ്‌പോടുകൂടി ആടിയുലയാന്‍തുടങ്ങി. ഒരു പി.എസ്‌.പി അംഗംതന്നെ മന്ത്രിസഭയ്‌ക്കെതിരെ അവിശ്വാസം കൊണ്ടുവന്നപ്പോള്‍ നേരിയ ഭൂരിപക്ഷം മാത്രമുണ്ടായിരുന്ന ആ മന്ത്രിസഭ നിലംപതിച്ചു. അനന്തരം പനമ്പിള്ളി ഗോവിന്ദമേനോന്റെനേതൃത്വത്തില്‍ ഒരു മന്ത്രിസഭ രൂപീകൃതമായെങ്കിലും അതിനും അധികകാലം നിലനില്‍ക്കാന്‍ സാധിച്ചില്ല. അങ്ങനെ നാലുവര്‍ഷത്തിനിടയില്‍ രണ്ടു തെരഞ്ഞെടുപ്പും മൂന്നു മന്ത്രിസഭകളും ഇവിടെയുണ്ടായി. തുടര്‍ന്ന്‌ 1956-ല്‍ നിയമസഭ പിരിച്ചുവിട്ട്‌ പ്രസിഡന്റ്‌ ഭരണം ഏര്‍പ്പെടുത്തി.

No comments:

Post a Comment