Wednesday, January 12, 2011

പാര്‍ട്ടി പ്രസിഡന്റ്‌ SP State President

പാര്‍ട്ടി പ്രസിഡന്റ്‌
 
സോഷ്യലിസം ഒരു വലിയതറവാടാണെന്നും അവിടെനിന്നു യാത്രപോയവര്‍ മടങ്ങിവന്ന്‌ പുതിയൊരു സൗഭ്രാത്രം സൃഷ്‌ടിക്കാന്‍ തയ്യാറായാല്‍ അതൊരു വലിയ കാര്യമാണെന്നുമുള്ള ചിന്തയാണ്‌ 72-ലെ പുനരേകീകരണത്തിന്‌ കാര്‍മ്മികത്വം വഹിക്കാന്‍ വിശ്വംഭരനെ പ്രാപ്‌തനാക്കിയത്‌. ആ വിശിഷ്‌ട സംരംഭത്തിന്റെ പേരിലല്ലെങ്കില്‍പ്പോലും പി. വിശ്വംഭരനായിരുന്നു ഏകീകരിക്കപ്പെട്ട സോഷൃലിസ്റ്റു പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റായത്‌.
തെരഞ്ഞെടുപ്പെന്നാല്‍ മാമാങ്കമാണ്‌. കിട്ടാവുന്നേടത്തുനിന്നെല്ലാം പണം സ്വരൂപിക്കുക. ധാരാളിത്തത്തോടെ പ്രചരണം ആഘോഷിക്കുക അതാണതിന്റെ സമവാകൃം. എന്നാല്‍ ഈ രാഷ്‌ട്രീയ സമവാക്യം വിശ്വംഭരന്‌ എന്നും അജ്ഞാതമായിരുന്നു. 1954-ല്‍ ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ പറമ്പുവിറ്റാണ്‌ ചെലവു നിര്‍വ്വഹിച്ചത്‌. അതുകൊണ്ടുതന്നെ അസംബ്ലി ഇലക്ഷനില്ലാതെ പാര്‍ലമെന്റിലേക്കു മാത്രമായി തെരഞ്ഞെടുപ്പുനടന്നാല്‍ അതില്‍ മത്സരിക്കുക പ്രയാസകരമാണെന്ന്‌ അദ്ദേഹത്തിനഭിപ്രായമുണ്ടായിരുന്നു. ഏഴസ്സംബ്ലിമണ്‌ഡലത്തിലെയും എല്ലാചെലവുകളും സ്വയംനടത്തുക, എല്ലാ കാര്യങ്ങള്‍ക്കും സ്വന്തം ആള്‍ക്കാരെ നിയോഗിക്കുക, ഇത്‌ വളരെ ശ്രമകരവും ചെലവേറിയതുമായ കാര്യമാണ്‌. ഈ മട്ടില്‍ ഒരു വലിയഭാരം ഏറ്റെടുക്കാന്‍ ഒരുക്കമല്ലാത്തതിനാല്‍ 1971-ലെ ഇലക്ഷനില്‍ അദ്ദേഹം മത്സരിച്ചില്ല. പകരം ഡി. ദാമോദരന്‍പോറ്റി പി.എസ്‌.പി സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരത്തുനിന്നും മത്സരിച്ചു. എങ്കിലും പരാജയപ്പെട്ടു. ഈ സാഹചര്യത്തിലാണ്‌ പുനരേകീകരണത്തിലൂടെ സോഷ്യലിസ്റ്റു പാര്‍ട്ടി വീണ്ടും സജീവമാകുന്നത്‌. ഇങ്ങനെ പുനരേകീകരിക്കപ്പെട്ട സോഷ്യലിസ്റ്റുപാര്‍ട്ടി കേരള ഘടകത്തിന്റെ സംസ്ഥാന ചെയര്‍മാനായി പി. വിശ്വംഭരന്‍ തെരഞ്ഞെടുക്കപ്പെട്ടത്‌ നേരത്തേ സൂചിപ്പിച്ചു.


ഏറ്റെടുക്കുന്ന ജോലി എന്തായാലും അത്‌ വിട്ടുവീഴ്‌ചകൂടാതെ പൂര്‍ത്തിയാക്കുക എന്നത്‌ പി. വിശ്വംഭരന്റെ സ്വഭാവസവിശേഷതയാണ്‌. നിയമത്തിന്റെ നൂലാമാലകള്‍ എന്തുതന്നെയായാലും അതില്‍നിന്ന്‌ അണുവിട വ്യതിചലിക്കാത്തതാണ്‌ അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലി. പണമിടപാടുകളില്‍ നയാപൈസകളുടെ വ്യത്യാസം പോലും അദ്ദേഹം സഹിച്ചിരുന്നില്ല. പാര്‍ട്ടിത്തെരഞ്ഞെടുപ്പ്‌ നടത്തുമ്പോള്‍ മെംബര്‍ഷിപ്പുതുകയുടെ നിശ്ചിത ശതമാനം സംസ്ഥാന കമ്മിറ്റിക്കും കേന്ദ്രകമ്മററിക്കുമെന്നത്‌ പാര്‍ട്ടി ഭരണഘടനയിലെ ഒരു വകുപ്പാണ്‌. പലരും പാലിക്കാത്ത ഒരു വകുപ്പുമാണിത്‌. എന്നാല്‍ വിശ്വംഭരന്‍ ആ തുക കൃതൃമായി കേന്ദ്രകമ്മറ്റിക്കും സംസ്ഥാനക്കമ്മിറ്റിക്കും നല്‍കിയിരിക്കും. ഈ മട്ടിലുള്ള വിവിധങ്ങളായ ശാഠൃങ്ങളിലൂടെതന്നെ പാര്‍ട്ടി ചെയര്‍മാനെന്ന നിലയിലുള്ള തന്റെ ആദ്യടേം അഭിമാനകരമായരീതിയില്‍ അദ്ദേഹം പൂര്‍ത്തിയാക്കി. പാര്‍ട്ടിക്ക്‌ ഒരടുക്കും ചിട്ടയും അദ്ദേഹമുണ്ടാക്കി. തുടര്‍ന്ന്‌ ഒരു തവണകൂടി അദ്ദേഹം സോഷൃലിസ്റ്റ്‌പാര്‍ട്ടി സംസ്ഥാന അദ്ധൃക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു.
കോണ്‍ഗ്രസ്സിലെ തലമുതിര്‍ന്ന നേതാക്കളെല്ലാം സംഘടനാ കോണ്‍ഗ്രസ്സായി പിരിഞ്ഞു പോയതിനുശേഷം സ്വന്തം കരിസ്‌മയുടെ പേരില്‍ നേടിയ 1971-ലെ തെരഞ്ഞെടുപ്പുവിജയം ഇന്ദിരാഗാന്ധിയെ കൂടുതല്‍ അഹങ്കാരിയാക്കി. നേരത്തെതന്നെ സ്വേച്ഛാചാരിണിയായിരുന്ന അവരില്‍ രണ്ടാമത്തെ തെരഞ്ഞെടുപ്പു വിജയം ഈ പ്രവണത രൂഢമൂലമാക്കി. ഒപ്പം പുത്രന്റെ ഇടപെടലുംകൂടിയായപ്പോള്‍ അസാധാരണമായതു പലതും സംഭവിക്കും എന്ന അവസ്ഥയിലേക്കു കാര്യങ്ങള്‍ പുരോഗമിച്ചു. ഈ കാലഘട്ടത്തില്‍ പാര്‍ട്ടി സംസ്ഥാന ഘടകത്തിലുണ്ടായ ചില അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ പി. വിശ്വംഭരന്‍ മൂന്നാതവണ സംസ്ഥാന എക്‌സിക്യൂട്ടിവിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല. ഇതിന്റെ ഫലമായി 75-77 കാലഘട്ടത്തില്‍ അദ്ദേഹത്തിന്‌ പാര്‍ട്ടിയില്‍ ഔദ്യോഗികസ്ഥാനങ്ങളൊന്നുംതന്നെ ഉണ്ടായിരുന്നില്ല.

No comments:

Post a Comment