Sunday, February 6, 2011

വിശ്വംഭരന്‍-ചുരുങ്ങിയ വാക്കുകളില്‍ P.VISWAMBHARAN IN BRIEF

ന്റെ തട്ടകം കയര്‍ മേഖലയാണെന്ന അറിവ്‌ അദ്ദേഹത്തെ എന്നും കയര്‍മേഖലയിലെ പ്രശ്‌നങ്ങളെ ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുന്നതിനും ആഴത്തില്‍ അപഗ്രഥിക്കുന്നതിനും പ്രാപ്‌തനാക്കി. തിരു-കൊച്ചിയില്‍ കയര്‍ സഹകരണ പ്രസ്ഥാനം ആരംഭിക്കുന്നത്‌ 1950-ല്‍ ആണ്‌. അന്നു മുതല്‍ക്കു തന്നെ ഈ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നുണ്ട്‌ പി. വിശ്വംഭരന്‍. കയര്‍മേഖലയില്‍ അദ്ദേഹം നല്‌കിയ സംഭാവനകള്‍ വളരെ വിലപ്പെട്ടതാണ്‌. 
K.Chandrasekharan, V.P.Singh, P.Viswambharan, I.K.Gujral
കേരളം മൊത്തംപരിശോധിച്ചാലും സ്വയം പര്യാപ്‌തമായ കയര്‍ സഹകരണസംഘങ്ങള്‍ വിരലിലെണ്ണാവുന്നവ മാത്രമാണ്‌. അവയിലൊന്നിന്റെ സംഘാടനം മുതല്‍ അന്‍പതുവര്‍ഷക്കാലത്തെ അതിന്റെ ഭരണനിയന്ത്രണവും അദ്ദേഹമാണ്‌ നടത്തിയത്‌. ആലപ്പുഴയിലെ കേന്ദ്ര കയര്‍മാര്‍ക്കറ്റിംഗ്‌ സഹകരണ സംഘത്തിന്റെ ആരംഭം മുതല്‍ അതിന്റെ ഡയറക്‌ടര്‍ ബോര്‍ഡില്‍ പി. വിശ്വംഭരന്‍ അംഗമായിരുന്നു. ``ഏതു സര്‍ക്കാര്‍ വന്നാലും സാറിനെ ആവശ്യമുണ്ട്‌.'' എന്നാണ്‌ ഇതു സംബന്ധിച്ച്‌ അദ്ദേഹത്തിന്റെ ഒരുറ്റ അനുയായി പറഞ്ഞത്‌. രണ്ടുതവണ അദ്ദേഹം ഈ സംഘത്തിന്റെ പ്രസിഡന്റാവുകയും ചെയ്‌തു. 1979-ല്‍ നാലു കേന്ദ്ര കയര്‍ സംഘങ്ങള്‍ കൂട്ടിച്ചേര്‍ത്ത്‌ കയര്‍ ഫെഡ്‌ രൂപീകരിച്ചപ്പോള്‍ ആദ്യത്തെ വൈസ്‌പ്രസിഡന്റായത്‌ വിശ്വംഭരനായിരുന്നു. ദീര്‍ഘകാലം അതിന്റെ എക്‌സിക്യൂട്ടീവ്‌ അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചു.
Vazhamuttom Coir Society
ഇങ്ങനെ കയര്‍മേഖലയിലെ പ്രമുഖ സംഘടനകളുടെ നിര്‍വ്വാഹകസമിതി അംഗമായി വിശ്വംഭരനെ നിലനിറുത്തുന്നത്‌ ആരുടെയും ഔദാര്യമല്ല, മറിച്ച്‌ അദ്ദേഹമില്ലെങ്കില്‍ ആ ഒഴിവ്‌ നികത്തപ്പെടുക അസാധ്യമാണെന്ന സത്യം മാനിച്ചാണ്‌. കയര്‍മേഘലയിലെ പ്രശ്‌നങ്ങളെയും പരിഹാരശ്രമങ്ങളെയും കുറിച്ചുള്ള അവഗാഹമാണ്‌ അദ്ദേഹം ആ രംഗത്തു പ്രവര്‍ത്തിക്കുന്ന ഇതര ട്രേഡ്‌ യൂണിയന്‍ നേതാക്കളില്‍ നിന്നു വ്യത്യസ്‌തനാക്കുന്നത്‌. ഈ വൈജാത്യം തന്നെയാണ്‌ കയറിന്റെ വിപണന സാധ്യത അന്വേഷിഷിച്ച്‌ ഏകാംഗ പ്രതിനിധിയായും പ്രതിനിധിസംഘത്തിലെ അംഗമായും മൂന്നു തവണ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ പി. വിശ്വംഭരനെ നിയോഗിക്കാന്‍ ബന്ധപ്പെട്ടവരെ പ്രേരിപ്പിച്ചത്‌.
അധികാരവും സ്ഥാനമാനങ്ങളും കൈവന്നാല്‍വിട്ടുകൊടുക്കാതിരിക്കാനുള്ള സാധനമാണെന്ന ചിന്ത ഒരിക്കലും തൊട്ടുതീണ്ടിയിട്ടില്ലാത്ത നേതാവാണ്‌ വിശ്വംഭരന്‍. കയ്യില്‍വരുന്നതു സ്വീകരിക്കുക കൈവിട്ടുപോകുന്നതിനെയോര്‍ത്തു വ്യാകുലപ്പെടാതിരിക്കുക എന്ന മട്ടിലൊരു നിര്‍മമത്വം ആദ്യകാലം മുതല്‍ക്കേ വിശ്വംഭരന്‍ അനുവര്‍ത്തിച്ചുവന്നിരുന്നു. വി.പി. സിംഗ്‌ ഗവണ്‍മെന്റിന്റെ കാലത്ത്‌ ഗവര്‍ണ്ണര്‍ പദവിയിലേക്കു കേരളത്തില്‍ നിന്നു പരിഗണിക്കപ്പെട്ട പേരുകളിലൊന്ന്‌ വിശ്വംഭരന്റേതായിരുന്നു. ആ ഓഫര്‍ തട്ടിത്തെറിപ്പിക്കാന്‍ സ്വന്തം പാര്‍ട്ടിയിലെ തന്നെ ചില പ്രമുഖര്‍ പഞ്ചസാരയില്‍ പൊതിഞ്ഞ വിഷം ഉപയോഗിച്ചതിനെ കുറിച്ചറിഞ്ഞിട്ടും വിശ്വംഭരന്‍ നിസ്സംഗനായി പ്രതികരിച്ചതേയുള്ളു.

P.Viswambharan, U.R.Ananthamoorthy
അധികാരസ്ഥാനങ്ങളോടും സ്ഥാനമാനങ്ങളോടുമുള്ള ഈ നിസ്സംഗത പക്ഷെ തനിക്കുനേരെ ഉയരുന്ന പരിഹാസ വചനങ്ങളോടും തന്റെ ആത്മാഭിമാനത്തെ സ്‌പര്‍ശിക്കുന്ന നടപടികളോടും അദ്ദേഹം കാട്ടാറില്ല. ഈ സ്വഭാവം വ്യക്തമാക്കുന്ന രണ്ടു സംഭവങ്ങള്‍ ചൂണ്ടിക്കാട്ടാം. ഒന്നാമത്തേത്‌ എഫ്‌.എ.സി.ടി. എപ്പിസോഡാണ്‌. അന്ന്‌ രാഷ്‌ട്രീയ തലത്തിലും ബ്യൂറോക്രസിയിലും അങ്ങേയറ്റത്തെ സ്വാധീനമുണ്ടായിരുന്ന അതിന്റെ എം.ഡി ചില ``ഏഭ്യന്മാര്‍ എനിക്കെതിരെ പാര്‍ലമെന്റില്‍ കുരയ്‌ക്കുന്നു'' എന്ന്‌ ഒരു ബോര്‍ഡു മീറ്റിംഗില്‍ പറഞ്ഞതായി വിശ്വംഭരനെ ഒരു ബോര്‍ഡംഗം ധരിപ്പിച്ചു. അതുകേട്ട അദ്ദേഹം എഫ്‌.എ.സി.ടിയെ സംബന്ധിച്ച്‌ തന്റെ നിലപാട്‌ കൂടുതല്‍ കര്‍ക്കശമാക്കുകയും അതിന്റെ യുക്തിപരമായ പരിസമാപ്‌തിയിലെത്തിക്കുകയും ചെയ്‌തു.
രണ്ടാമത്തെ സംഭവം തിരുവനന്തപുരം സ്‌പിന്നിംഗ്‌മില്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതാണ്‌. 1987-ല്‍ എല്‍.ഡി.എഫ്‌. ഗവണ്‍മെന്റ്‌ അധികാരത്തില്‍ വന്നപ്പോള്‍ ജനതാദളിനു ചെയര്‍മാന്‍ പദവി ലഭിച്ചത്‌ മൂന്നു സ്ഥാപനങ്ങളുടേതാണ്‌. ഹൗസിംഗ്‌ബോര്‍ഡ്‌, നാളികേര വികസന കോര്‍പ്പറേഷന്‍, തിരുവനന്തപുരം സ്‌പിന്നിംഗ്‌മില്‍. ഈ മൂന്നെണ്ണത്തില്‍ ഏറ്റവും അപ്രധാനമായിരുന്നു തിരുവനന്തപുരം സ്‌പിന്നിംഗ്‌ മില്‍. തിരുവനന്തപുരം സ്‌പിന്നിംഗ്‌ മില്‍ ചെയര്‍മാന്‌ ഒരു കാറുപോലും അവിടെ ഉണ്ടായിരുന്നില്ല. എങ്കിലും പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം വിശ്വംഭരന്‍ അതേറ്റെടുത്തു. അതിനു പ്രധാനമായും രണ്ടു കാരണങ്ങളുണ്ടായിരുന്നു. ഒന്നാമത്‌ പ്രസ്‌തുത മില്‍ സ്ഥാപിച്ചത്‌ അദ്ദേഹം എം.എല്‍.എ. ആയിരുന്ന അവസരത്തിലാണ്‌. രണ്ടാമത്‌, അത്‌ സ്വന്തം നാട്ടിലാണെന്നും തകര്‍ന്നുകൊണ്ടിരിക്കുന്ന ആ സ്ഥാപനത്തെ രക്ഷിക്കാന്‍ തന്റേതായിട്ടെന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞാല്‍ ചെയ്യണമെന്നുമുള്ള വിചാരം. ഇതിലുപരി മറ്റൊരുവിചാരവും അതേറ്റെടുക്കുമ്പോള്‍ അദ്ദേഹത്തിനുണ്ടായിരുന്നില്ല. നവീകരണത്തിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഐ.ഡി.ബി.ഐ.യുമായി ചര്‍ച്ച നടത്തി. ഈ അവസരത്തിലാണ്‌ പാര്‍ട്ടിക്കുള്ളില്‍ ചിലര്‍ ചില കമന്റുകള്‍ പാസ്സാക്കിയത്‌. തന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യും വിധത്തിലുള്ള ആ കമന്റ്‌ വിശ്വംഭരനെ പ്രകോപിപ്പിക്കാന്‍ പോന്നതായിരുന്നു. പിന്നീട്‌ അധികമൊന്നും ആലോചിക്കുകയുണ്ടായില്ല. സ്‌പിന്നിംഗ്‌ മില്‍ ചെയര്‍മാന്‍ പദം അദ്ദേഹം രാജിവച്ചു.
ദീര്‍ഘകാലം ട്രേഡ്‌ യൂണിയന്‍ രംഗത്തു പ്രവര്‍ത്തിച്ച വിശ്വംഭരന്‍, ദക്ഷിണ തിരുവിതാംകൂര്‍ കരിങ്കല്‍ തൊഴിലാളി യൂണിയന്‍, ദക്ഷിണ തിരുവിതാംകൂര്‍ മോട്ടോര്‍ തൊഴിലാളിയൂണിയന്‍, തിരുവനന്തപുരം പോര്‍ട്ട്‌ വര്‍ക്കേഴ്‌സ്‌ യൂണിയന്‍, ട്രാവന്‍കൂര്‍ ടെക്‌സ്റ്റൈല്‍ വര്‍ക്കേഴ്‌സ്‌ യൂണിയന്‍ എന്നു തുടങ്ങി പല തൊഴിലാളി യൂണിയനുകളുടെയും പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. എന്നാല്‍ തൊഴിലാളികളുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന നേതാക്കളെ നിഷേധിക്കുന്ന ഒരു പ്രവണത പില്‍ക്കാലത്തു കാണാന്‍ കഴിയുന്നു. വലിയതുറ പോര്‍ട്ടു തൊഴിലാളി യൂണിയന്റെ കാര്യത്തില്‍ വിശ്വംഭരനും ഈ പ്രവണത നേരിട്ടനുഭവിക്കേണ്ടിവന്നു. അതോടെ ട്രേഡ്‌ യൂണിയന്‍ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു.

Madhu Dantavathe, P.Viswambharan

1977 മുതല്‍ തെരഞ്ഞെടുപ്പു രാഷ്‌ട്രീയത്തിലെ മത്സര മേഖലയില്‍ നിന്നും വിട്ടു നില്‍ക്കുന്ന പി. വിശ്വംഭരന്‍ സജീവ രാഷ്‌ട്രീയത്തില്‍നിന്ന്‌ ഒരിക്കലും അകന്നുനില്‍ക്കുന്നില്ല. 1996-ലെ പാര്‍ട്ടി പിളര്‍പ്പിനുശേഷം അദ്ദേഹം കൂടുതല്‍ സജീവമാവുകയാണുണ്ടായത്‌. അതിനുശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷ ജനാധിപത്യമുന്നണിക്കുവേണ്ടി അദ്ദേഹം പ്രചരണം നടത്തി. സോഷ്യലിസ്റ്റ്‌ ഐക്യം എന്നും അദ്ദേഹത്തിന്റെ സ്വപ്‌നമായിരുന്നു. ആ സ്വപ്‌നസാക്ഷാത്‌കാരത്തിനായി അദ്ദേഹം അനവരതം പ്രവര്‍ത്തിച്ചു. സോഷ്യലിസ്റ്റുകളുടെ ഐക്യം മുന്‍നിര്‍ത്തി 2002-ല്‍ പൂനെയില്‍ സംഘടിപ്പിക്കപ്പെട്ട സോഷ്യലിസ്റ്റ്‌ സംഗമത്തില്‍ അദ്ദേഹത്തിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു. അവിടെ വച്ച്‌ രൂപീകരിച്ച സോഷ്യലിസ്റ്റ്‌ ഫ്രണ്ടിന്റെ ദേശീയ സമിതിയിലെ അംഗമായും കേരള ഘടകത്തിന്റെ കണ്‍വീനറായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. അഞ്ചുവര്‍ഷക്കാലം അതിന്റെ പ്രവര്‍ത്തനങ്ങളുമായി ഇന്ത്യയൊട്ടാകെ അദ്ദേഹം ഓടി നടന്നു. പ്രതീക്ഷിച്ച രീതിയില്‍ ആ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം മുന്നോട്ടു നീങ്ങുന്നില്ലെന്ന്‌ മനസ്സിലാക്കിയപ്പോള്‍ ആ സ്ഥാനങ്ങള്‍ ഉപേക്ഷിച്ച്‌ പിന്‍വാങ്ങി. അങ്ങനെ ആ സ്വപ്‌നസാക്ഷാത്‌ക്കാരം ഒരു മരീചികപോലെ അകന്നുപോകുന്നുണ്ടെങ്കിലും അതിനുവേണ്ടി അദ്ദേഹം ഇന്നും യത്‌നിക്കുന്നു. ജെ.പി.യും ലോഹ്യയും കണ്ട സ്വപ്‌നം ഒരു സാക്ഷാത്‌കാരമാകാന്‍ ഇനിയും എത്രകാലം സഞ്ചരിക്കേണ്ടിവരും എന്നറിയാതെ നീങ്ങുകയാണ്‌ ഈ ഏകാംഗപോരാളി. 

T.J.Chandrachoodan, K.Viswanathan. P.Viswambharan
ദീര്‍ഘകാല പ്രവര്‍ത്തനങ്ങള്‍ക്കുശേഷം രാഷ്‌ട്രീയ സമവാക്യങ്ങളെ കൂട്ടിക്കിഴിക്കുമ്പോള്‍ നേട്ടത്തിന്റെ ഗ്രാഫില്‍ ഉയര്‍ച്ചയല്ല താഴ്‌ചയാണദ്ദേഹത്തിനുള്ളത്‌. അന്യൂനമായ സ്വത്വബോധത്തോടെയും അഖണ്‌ഡമായ ലക്ഷ്യബോധത്തോടെയും സാത്വികമായ ചിന്താപദ്ധതികളോടെയും സഞ്ചരിക്കുമ്പോള്‍ ഈ മനുഷ്യന്‍ ഗാന്ധിയന്‍ രാഷ്‌ട്രീയ മാര്‍ഗ്ഗങ്ങളുടെ ജീവിത സ്‌മാരകമാവുകയാണ്‌. മാര്‍ഗ്ഗവും ലക്ഷ്യവും രണ്ടല്ലെന്ന സിദ്ധാന്തപ്രകാരം അദ്ദേഹം ഗാന്ധിയന്‍ ലക്ഷ്യമാവുകയും ചെയ്യുന്നു.
1958-ല്‍ സജീവ പത്രപ്രവര്‍ത്തനം നിറുത്തിയെങ്കിലും പത്രങ്ങളില്‍ എഴുതുന്നത്‌ അദ്ദേഹം അവസാനിപ്പിച്ചില്ല. മലയാള ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും ഇടയ്‌ക്ക്‌ ലേഖനങ്ങളെഴുതുന്നു. തനിക്ക്‌ അടുത്ത ബന്ധമുണ്ടായിരുന്ന വ്യക്തികളെപ്പറ്റിയുള്ള അനുസ്‌മരണകളും സമകാലിക രാഷ്‌ട്രീയ-സാമൂഹിക പ്രശ്‌നങ്ങളെ ആസ്‌പദമാക്കിയുള്ള ലേഖനങ്ങളുമാണ്‌ അവയില്‍ മുഖ്യം. ആശയസ്‌ഫുടതയും ഭാഷാലാളിത്യവുമാണ്‌ അദ്ദേഹത്തിന്റെ ലേഖനങ്ങളുടെ മുഖമുദ്ര.

N.E.Balaram, P.Viswambharan, E.M.S
ദേശീയ രാഷ്‌ട്രീയത്തെപ്പറ്റിയും കേരളത്തിലെ സംഭവവികാസങ്ങളെപ്പറ്റിയും മുംബൈയില്‍ നിന്ന്‌ പ്രസിദ്ധീകരിക്കുന്ന ജനത എന്ന ഇംഗ്ലീഷ്‌ വാരികയിലും വിശ്വംഭരന്‍ പതിവായി എഴുതുന്നുണ്ട്‌. ഇങ്ങനെ പ്രസിദ്ധീകൃതമായ ലേഖനങ്ങള്‍ സമാഹരിച്ചുകൊണ്ട്‌ അനുസ്‌മരണകള്‍-അഭിപ്രായങ്ങള്‍, മറക്കാത്ത അനുയാത്രകള്‍ എന്നിങ്ങനെ രണ്ട്‌ ഗ്രന്ഥങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. ഞാന്‍ എഴുതിയിട്ടുള്ള സോഷ്യലിസ്റ്റു പ്രസ്ഥാനം കേരളത്തില്‍ എന്ന ചരിത്രഗ്രന്ഥത്തിന്റെ പ്രസിദ്ധീകരണത്തിനുവേണ്ടിയും അദ്ദേഹം ഏറെ പ്രയത്‌നിച്ചിട്ടുണ്ട്‌

No comments:

Post a Comment